Headlines

‘ഫോണിൽ സൈറൺ വന്നിട്ടും അവധിയില്ലേ എന്ന് കരുതി; നേരത്തെ അറിയിക്കാമായിരുന്നു’: ആലപ്പുഴ കലക്ടർക്ക് വിമർശനം

 

കോട്ടയം ∙ കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയ്ക്ക് അവധി നൽകിയിട്ടും കലക്ടർക്ക് ഫെയ്സ്ബുക് പേജിൽ വിമർശനം. അവധി പ്രഖ്യാപിക്കാൻ വൈകിയതാണ് രക്ഷിതാക്കളുടെ രോഷത്തിനു ഇടയാക്കിയത്. കഴിഞ്ഞ ദിവസം 11 ജില്ലകളിലെ കലക്ടർമാർ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചപ്പോഴും ആലപ്പുഴയിൽ കുട്ടനാട്, ചെങ്ങന്നൂർ എന്നീ രണ്ട് താലൂക്കുകൾക്കാണ് കലക്ടർ ഷാജി വി. നായർ അവധി നൽകിയത്. എന്നാൽ രാത്രിയിൽ മഴ തുടർന്നതോടെയാണ് അവധി ജില്ല മുഴുവൻ ആക്കാൻ തീരുമാനിച്ചത്. തുടർന്ന് രാവിലെ 6 മണിയോടെയാണ് അവധി അറിയിപ്പ് കലക്ടറുടെ ഫെയ്സ്ബുക് പേജിൽ വന്നത്. അവധി പ്രഖ്യാപനത്തെ വിദ്യാർഥികൾ അടക്കം സ്വാഗതം ചെയ്തപ്പോൾ രക്ഷിതാക്കൾ തീരുമാനം വരാൻ താമസിച്ചതിൽ രോഷം പ്രകടിപ്പിക്കുകയായിരുന്നു.‘ചേർത്തലയിൽ ഇത്രത്തോളം മഴ പെയ്തിട്ടും എന്ത് കൊണ്ട് അവധി പ്രഖ്യാപിക്കൽ വൈകി’ എന്നും ‘രാത്രി ഒരു മണിക്ക് ഫോണിൽ സൈറൺ വന്നിട്ടും അവധി കൊടുക്കുന്നില്ലേ എന്ന് കരുതി’ എന്നും കലക്ടറുടെ ഫെയ്സ്ബുക് പേജിൽ കമന്റുകളുണ്ട്. ‘കുട്ടികൾ ട്യൂഷന് പോയെന്നും നിങ്ങളൊക്കെ എന്ത് കലക്ടറാണെന്നും’ ഒരു രക്ഷിതാവ് ചോദിക്കുന്നു. അതേസമയം കുട്ടികൾക്ക് ആഹാരം ഒരുക്കിയെന്നും അവധി നേരത്തെ അറിയിക്കാമായിരുന്നു എന്ന പരിഭവം പങ്കുവച്ചവരുമുണ്ട്.