Headlines

‘ടി.കെ അഷ്റഫിന്റെ സസ്​പെൻഷൻ ഇരട്ടത്താപ്പ്; വിയോജിക്കുന്നവരെ ഇല്ലാതാക്കുന്ന സംഘ്പരിവാര്‍ ഫാസിസം തന്നെയാണ് കേരള കമ്യൂണിസ്റ്റ് ഫാസിസവും’;നാസർ ഫൈസി കൂടത്തായി

വിദ്യാഭ്യാസ വകുപ്പിന് എതിരെ SYS സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. അദ്ധ്യാപകനെ സസ്‌പെന്റ് ചെയ്യാന്‍ മാനേജ്‌മെന്റിനോട് നിര്‍ദ്ദേശിച്ചത് ഇരട്ടത്താപ്പാണ്. ഈ ജനാധിപത്യധ്വംസനത്തെ അംഗീകരിക്കാനാവില്ലെന്നും നാസർ ഫൈസി കൂടത്തായി ഫേസ്ബുക്കിൽ കുറിച്ചു.

സര്‍ക്കാറിന്റെ ഈ ഫാസിസ്റ്റ് നിലപാടിനെതിരെ പ്രതികരണങ്ങള്‍ ഉയരണം. ഇനിയാര്‍ക്കും തങ്ങളുയര്‍ത്തിപ്പിടിക്കുന്ന നിലപാട് തുറന്നുപറയാന്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു കൂടാ. വിയോജിക്കുന്നവരെ ഇല്ലാതാക്കുന്ന ദേശീയ സംഘ്പരിവാര്‍ ഫാസിസം തന്നെയാണ് കേരള കമ്യൂണിസ്റ്റ് ഫാസിസവുമെന്നു തിരിച്ചറിയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

സര്‍ക്കാര്‍ ശമ്പളം സ്വീകരിക്കുന്നവര്‍ സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറയുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യത്തെ തടയലും ജനാധിപത്യവിരുദ്ധവുമാണ്. നിര്‍ബന്ധമായി ഉത്തരവില്ലാത്ത ഒരു കാര്യം ഞാനത് ചെയ്യില്ല എന്ന് പറയുന്നത് നിയമലംഘനവുമല്ല. ഭൂരിപക്ഷത്തില്‍ ഭരണമായിട്ടുപോലും നെഹ്‌റു ന്യൂനപക്ഷ പ്രതിപക്ഷത്തുണ്ടായിരുന്ന എ.കെ.ജി യെ കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ദേശീയഗാനം ഞങ്ങള്‍ ചൊല്ലുന്നതിനു വിശ്വാസം തടസ്സമാണെന്ന് പറഞ്ഞ യഹോവ സാക്ഷികളോട് ചൊല്ലേണ്ടതില്ലെന്ന് അനുമതി കൊടുത്ത രാജ്യമാണ് ഇന്ത്യ. ഇപ്പോള്‍ ഗോദ്‌സെയുടെ മോഡിയിലും സ്റ്റാലിന്റെ പിണറായിലുമെത്തി നില്‍ക്കുമ്പോള്‍ ജനാധിപത്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ചവറ്റുകൊട്ടയിലുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.