Headlines

എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്തു സ്റ്റോപ്; മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം

ഒറ്റപ്പാലം ∙ മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിനു ഒറ്റപ്പാലത്ത് സ്റ്റോപ് അനുവദിച്ചു. യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണു നടപ്പായത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനിനും ഒറ്റപ്പാലത്തു സ്റ്റോപ്പുണ്ടാകും. ബെംഗളൂരുവിലേക്കുള്ള ട്രെയിൻ രാവിലെ 11നു ശേഷവും തിരിച്ചുള്ള ട്രെയിൻ ഉച്ചകഴിഞ്ഞു 2നു ശേഷവുമാണ് ഒറ്റപ്പാലത്തെത്തുക. ഷൊർണൂർ ജംക്‌ഷൻ സ്പർശിക്കാതെ പോകുന്ന ട്രെയിനിനു തൃശൂർ കഴിഞ്ഞാൽ പാലക്കാടാണു സ്റ്റോപ്പുണ്ടായിരുന്നത്. ഒറ്റപ്പാലം, ഷൊർണൂർ മേഖലകളിലെ യാത്രക്കാർക്കു പുറമേ, മലപ്പുറം ജില്ലയിലെ യാത്രക്കാർക്കും ഏറെ പ്രയോജനകരമാകും ഒറ്റപ്പാലത്തെ സ്റ്റോപ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു നൽകിയ നിവേദനത്തിനു പിന്നാലെയാണു നടപടി. സ്റ്റോപ് അനുവദിച്ച കാര്യം മന്ത്രി സംസ്ഥാന അധ്യക്ഷനെ രേഖാമൂലം അറിയിച്ചു. ട്രെയിനിനു സ്റ്റോപ് അനുവദിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു റെയിൽവേ അമിനിറ്റീസ് മുൻ ചെയർമാൻ പി.കെ.കൃഷ്ണദാസും ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ അധ്യക്ഷൻ പി.വേണുഗോപാലനും സംസ്ഥാന അധ്യക്ഷനു നേരത്തെ നിവേദനം നൽകിയിരുന്നു. ജനപ്രതിനിധികളും ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മകൾ ഉൾപ്പെടെ ഒട്ടേറെ സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ടു റെയിൽവേയെ നിരന്തരം സമീപിച്ചിരുന്നു. അമൃത് ഭാരത് പദ്ധതിപ്രകാരം 10 കോടി രൂപയിലേറെ മുടക്കി റെയിൽവേ സ്റ്റേഷൻ നവീകരണം അന്തിമഘട്ടത്തിലെത്തിയിരിക്കെയാണു സ്റ്റോപ് അനുവദിച്ചത്.