വയനാട് തുരങ്കപാതയുമായി ബന്ധപ്പെട്ട് സിപിഐയിൽ ഭിന്നാഭിപ്രായമില്ലെന്ന് മന്ത്രി കെ രാജൻ. വ്യത്യസ്ത അഭിപ്രായം ഉയർന്നതായി അറിയില്ല. തുരങ്കപാത നിർമാണം സർക്കാർ കൂടിയാലോചനകൾക്ക് ശേഷം എടുത്ത തീരുമാനമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. അങ്ങനെയൊരു അഭിപ്രായം ഉയർന്നുവന്നത് അറിഞ്ഞിട്ടില്ല മന്ത്രി വ്യക്തമാക്കി.
പാർട്ടി ഒറ്റക്കെട്ടാണെന്നും എവിടെയും വിഭാഗീയത ഇല്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വിഭാഗീയത വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞാൽ അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. ജനയുഗം ഓണപ്പതിപ്പിലെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ലേഖനത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ അഭിപ്രായം ഓണപ്പതിപ്പിൽ വന്നെന്നു കരുതി സിപിഐയുടെ അഭിപ്രായമാവില്ല. സംവാദങ്ങളുടെ ഇടം അടക്കേണ്ടതില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
ഫാസിസത്തിനെതിരെയാണ് സിപിഐ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖറിന്റെ അഭിപ്രായം ഓണപ്പതിപ്പിൽ വന്നെന്നു കരുതി സിപിഐയുടെ അഭിപ്രായമാവില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ജനാധിപത്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്ന് രാജീവ് ചന്ദ്രശേഖർ ലേഖനത്തിൽ പറയുന്നു. വോട്ടർ പട്ടികയിൽ പിശകുണ്ടെങ്കിൽ പരിഹരിക്കാൻ നിയമവഴികളുണ്ടെന്നും ലേഖനത്തിലുണ്ട്. ജനാധിപത്യം പ്രതിസന്ധികൾ നേരിടുന്നു എന്ന ബിനോയ് വിശ്വത്തിന്റെ ലേഖനവും ജനയുഗം ഓണപ്പതിപ്പിൽ ഉണ്ട്. ഭരണഘടനയുടെ ലക്ഷ്യങ്ങളെല്ലാം അവഹേളിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നു എന്നും ബിനോയ് വിശ്വത്തിന്റെ ലേഖനത്തിൽ പറയുന്നു.