Headlines

കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യം തേടി ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലേക്ക്

ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്‍പായി എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നീക്കം. സീനിയര്‍ അഭിഭാഷകന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി സമര്‍പ്പിച്ചാല്‍ നടപടിക്രമങ്ങള്‍ നീണ്ടുപോയി ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയേക്കാമെന്ന സാധ്യത പരിശോധിച്ച ശേഷമാണ് തീരുമാനം. ഹൈക്കോടതി നാളെയും മറ്റന്നാളും അവധിയാണെന്നതും എന്‍ഐഎ കോടതി നാളെ പ്രവര്‍ത്തിക്കുമെന്നതും കണക്കിലെടുത്താണ് നീക്കം. എന്‍ഐഎ കോടതിയെ സമീപിക്കാമെന്ന് സെഷന്‍സ് കോടതിയുടെ ഉത്തരവിലുണ്ടായിരുന്നു. ഇതുകൂടി വച്ചുകൊണ്ട് എന്‍ഐഎ കോടതിയെ സമീപിക്കാനാണ് നീക്കം. സഭാ നേതൃത്വവും അറസ്റ്റിലായ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ഒരുമിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

ബിലാസ്പൂരിലെ ഹൈക്കോടതിയില്‍ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹര്‍ജി നല്‍കുന്നത്. ഇന്നേക്ക് കന്യാസ്ത്രീകള്‍ ജയിലില്‍ ആയിട്ട് എട്ട് ദിവസം ആയി. സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ വീണ്ടും എതിര്‍ക്കുമോ എന്നതാണ് ഉറ്റു നോക്കുന്നത്. എതിര്‍ക്കില്ല എന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷ നേതാക്കളോട് പറഞ്ഞിരുന്നു. കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നാല്‍ ജാമ്യം ലഭിക്കും എന്ന് തന്നെ ആണ് സഭാ നേതൃത്വത്തിന്റെ പ്രതീക്ഷ.

അതേസമയം, ഇന്നലെ നിര്‍ണായക വെളിപ്പെടുത്തലുമായി കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി രംഗത്തെത്തിയിരുന്നു. കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ തന്നെ നിര്‍ബന്ധിപ്പിച്ചത് ബജ്‌റംഗ് ദള്‍ നേതാവാണെന്നും ജ്യോതി ശര്‍മ എന്ന നേതാവ് തന്നെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും 21കാരിയായ ആദിവാസി യുവതി കമലേശ്വരി പ്രഥാന്‍ വെളിപ്പെടുത്തി.