റിയാദ്: വിവിധ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് മടങ്ങി വരുവാനുള്ള വിമാന സർവീസുകളുടെ തിയതി നാളെ പ്രഖ്യാപിക്കുമെന്ന് സൗദിയുടെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.നാളത്തെ പ്രഖ്യാപനത്തിൽ പ്രവാസികൾക്ക് മടങ്ങി വരുവാനുള്ള തിയതിയും പ്രഖ്യാപിച്ചേക്കും. കോവിഡ് കേസുകൾ കൂടുതലുള്ളതിനാൽ, യാത്രാവിലക്ക് പട്ടികയിലുള്ള ഇന്ത്യയിലേക്കുള്ള സർവീസുകൾ പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ.
സൗദിഅറേബ്യ വിമാന യാത്രാ വിലക്ക് ഭാഗികമായി നീക്കിത്തുടങ്ങിയത് സെപ്തംബർ മാസത്തിലാണ്.വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളൊഴികെ സർവീസ് തുടങ്ങിയിരുന്നു. എന്നാൽ വിമാന സർവീസ് പൂർണമായും പുനരാരംഭിക്കുന്നത് 2021ജനുവരിയിലാണെന്നും ഇതിൻ്റെ തിയതി ഡിസംബറിൽ പ്രഖ്യാപിക്കുമെന്നും സൗദി വ്യക്തമാക്കിയിരുന്നു. ഇതു പ്രകാരം നാളെയാണ് ആഭ്യന്തര മന്ത്രാലയം വിമാന സർവീസുകൾ കൃത്യമായി തുടങ്ങുന്ന തിയതി അറിയിക്കുക എന്ന് സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യാത്രക്കാർക്കുള്ള ചട്ടങ്ങളും നിബന്ധനകളുമെല്ലാം ഇതോടൊപ്പം പ്രഖ്യാപിച്ചേക്കുമെന്നും മാധ്യമങ്ങൾ പറയുന്നു. ഇന്ത്യക്കുള്ള യാത്രാവിലക്ക് നീക്കി സർവീസ് തുടങ്ങുമോ എന്നതും നാളെയറിയാനായേക്കും. ഇന്ത്യയിലേക്ക് സർവീസ് പ്രഖ്യാപിച്ചില്ലെങ്കിൽ പിന്നെ പ്രവാസികൾക്കുള്ള പ്രതീക്ഷ എയർ ബബ്ൾ കരാറാണ്. ഇതിന്റെ ചർച്ച എംബസി പൂർത്തിയാക്കിയിട്ടുണ്ട്.
The Best Online Portal in Malayalam