ഷിംല: ഉത്തരാഖണ്ഡിലെ ലംഖാഗ ചുരത്തില്‍ കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയെയും തുടര്‍ന്ന് 11 പര്‍വതാരോഹകര്‍ക്ക് ജീവഹാനി. ഇനിയും കുടുങ്ങിക്കിടക്കുന്ന സംഘത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു. വ്യോമസേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. ഒക്ടോബര്‍ 18നാണ് സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 17,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലംഖാഗ ചുരത്തില്‍ പര്‍വതാരോഹകരും പോര്‍ട്ടര്‍മാരും ഗൈഡുകളും ഉള്‍പ്പടെയുള്ള 17 പേരടങ്ങുന്ന സംഘം വഴിതെറ്റി കുടുങ്ങിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവിടെ നിന്നും 11 മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തിരച്ചില്‍ നടത്തുന്നതിന് നേരത്തെ രണ്ട് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ വ്യോമസേന വിട്ടുനല്‍കിയിരുന്നു. ദേശീയ ദുരന്തനിവാരണ സേനയിലെ മൂന്ന് ഉദ്യോഗസ്ഥരുമായി ഈമാസം 20ന് ഉച്ചയോടെയാണ് 19,500 അടി ഉയരത്തില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തിരച്ചില്‍ ആരംഭിച്ചത്. 22ന് പകല്‍ സമയത്ത് നടത്തിയ തിരച്ചിലിലാണ് ബാക്കി മൃതദേഹങ്ങളും കണ്ടെത്തിയത്. പ്രതികൂലമായ ഭൂപ്രദേശവും ശക്തമായ കാറ്റുമുണ്ടായിരുന്നിട്ടും സേനയ്ക്ക് ഒരാളെ രക്ഷപ്പെടുത്താനും 16,500 അടി ഉയരത്തില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെത്തിക്കാനും കഴിഞ്ഞു.