ചെന്നൈ: തമിഴ്നാട് തീരത്തേക്ക് ആയുധങ്ങളുമായി ബോട്ട് എത്തുന്നുവെന്ന് രഹസ്യ വിവരം. ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് തീരത്ത് സുരക്ഷ കർശനമാക്കി. വിവരം കേരളത്തിന് കൈമാറിയിട്ടുണ്ടെന്നും തമിഴ്നാട് പോലീസ് വ്യക്തമാക്കി.
കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചിലരെ ഇന്ത്യൻ തീരത്ത് നിന്നും അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കയിൽ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തെയും മയക്കുമരുന്ന് സംഘത്തെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരുമായി ബന്ധമുള്ളവർ തന്നെയാണ് ആയുധങ്ങൾ എത്തിക്കുന്നതെന്നാണ് നിഗമനം.