രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി

 

രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍. ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി 28 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കേണ്ടതെന്നും ആരോഗ്യ സെക്രട്ടറി കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. 15 മുതല്‍ 18 വയസുവരെ പ്രായമുള്ള അര്‍ഹരായവര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

15 മുതല്‍ 18 വരെ പ്രായമുള്ള കൗമാരക്കാരുടെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കേന്ദ്രം ഊന്നിപ്പറഞ്ഞിട്ടുണ്ട്. കൗമാരക്കാരുടെ വാക്‌സിനേഷന്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കാന്‍ സംസ്ഥാനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കത്തില്‍ പറയുന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 1,67,059 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1192 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4.14 കോടിയായി. ആകെ മരണം 4.96 ലക്ഷമായി. 11.69 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2.54 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. 94.60 ശതമാനമാണ് രോഗമുക്തി നിരക്ക്.രാജ്യത്ത് ഇതിനോടകം 166.8 കോടി വാക്‌സിനുകളാണ് നല്‍കിയത്. മുതിര്‍ന്നവരില്‍ 75 ശതമാനം പേരെ പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്തു.