അന്തരിച്ച സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കു. നരണിപ്പുഴയിലെ ജുമാ മസ്ജിദിലാണ് സംസ്‌കാര ചടങ്ങുകൾ. ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന ഷാനവാസിനെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജയസൂര്യ നായകനായി എത്തിയ സൂഫിയും സുജാതയും സിനിമയുടെ സംവിധായകനാണ്
മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം. മികച്ച എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം. 2015ൽ സംവിധാനം ചെയ്ത കരി എന്ന ചിത്രത്തിലൂടെയാണ് മുഖ്യധാരയിലേക്ക് എത്തുന്നത്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റുകയും പുരസ്‌കാരങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്ത കരി നിരവധി ചലചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു.
കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ആദ്യമായി ഒടിടി റിലീസായി എത്തിയ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. ദേവ് മോഹൻ, അതിഥി റാവു ഹൈദരി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. ഈ ചിത്രം വലിയ വിജയമാകുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടക്കുന്നതിനിടെയാണ് ഷാനവാസിന് ഹൃദയാഘാതം സംഭവിച്ചത്.