തിരുവനന്തപുരം നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവാവ് കുത്തിപ്പരുക്കേൽപ്പിച്ച യുവതി മരിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയാണ്(20) ചികിത്സയിൽ കഴിയവെ മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സൂര്യഗായത്രിയെ സുഹൃത്തായ അരുൺ കുത്തിയത്. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മരണം
വീടിന്റെ അടുക്കള വാതിൽ വഴി അകത്തുകയറിയാണ് അരുൺ സൂര്യഗായത്രിയെ കുത്തിയത്. പതിനഞ്ച് തവണ കുത്തേറ്റു. തടയാനെത്തിയ സൂര്യഗായത്രിയുടെ അമ്മ വത്സലക്കും കുത്തേറ്റു. സൂര്യഗായത്രിയുടെ വയറിലും കഴുത്തിലുമാണ് കുത്തേറ്റത്.
സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട അരുണിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഭർത്താവുമായി പിണങ്ങി അമ്മയ്‌ക്കൊപ്പമാണ് സൂര്യഗായത്രി താമസിച്ചിരുന്നത്. സൂര്യഗായത്രിയുമായി അരുണിന് പരിചയമുണ്ടായിരുന്നു. പിന്നീട് ഇവർ തമ്മിൽ തെറ്റുകയായിരുന്നു.