2397 പേര്‍ക്കു കൂടി കോവിഡ്; 2317 പേര്‍ക്കും സമ്പര്‍ക്കം വഴി

തിരുവനന്തപുരം: സംസ്ഥാനത്ത് 2397 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
2317 പേർക്കും സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. 2225 പേർ രോഗമുക്തി നേടി.

കോവിഡ് മൂലം ആറുപേരാണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം ജില്ലയിൽ രോഗബാധിതരുടെ എണ്ണം വർധിച്ച നിലയിൽ തുടരുകയാണ്. ഇന്ന് 408 പേർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 49 പേർക്ക് എവിടെനിന്ന് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തലസ്ഥാനത്ത് മാത്രം 408 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 49 പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഇന്ന് ഇരുന്നൂറിലേറെ കൊവിഡ് കേസുകളാണുള്ളത്.

നിലവിൽ 23,277 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 പരിശോധനകൾ നടന്നു. ഇന്നലെ പുറത്ത് നിന്നും 8,69,655 പേരാണ് കേരളത്തിലേക്ക് എത്തിയത്. ഇതിൽ 3,32,582 പേർ വിദേശത്ത് നിന്നും 5,37,000 പേരിൽ 62 ശതമാനം പേരും റെഡ് സോൺ ജില്ലകളിൽ നിന്നുമാണ് എത്തിയതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.