തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ ഒക്ടോബര്‍ അഞ്ചിനകം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുമായി ഏകദേശ ധാരണയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ അധ്യാപക, വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ മാത്രമാണ് സ്‌കൂളില്‍ ക്ലാസ്. സമാന്തരമായി വിക്ടേഴ്‌സ് വഴിയുള്ള ക്ലാസും തുടരും. അതുകൊണ്ടുതന്നെ സ്‌കൂളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതമായിരിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാല്‍ ഒരു സീറ്റില്‍ ഒരു കുട്ടി എന്ന കണക്കിനാകും യാത്രാ സൗകര്യം ഒരുക്കേണ്ടത്. അതിനാല്‍ സ്‌കൂള്‍ ബസുകള്‍ മാത്രം പോരാത്ത സാഹചര്യവും ഉണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് സ്‌കൂളുകള്‍ കെഎസ് ആര്‍ടിസിയുടെ സഹായവും തേടിയിട്ടുള്ളത്.