വിഴിഞ്ഞം പദ്ധതി പൂര്‍ത്തീകരണം; തുറമുഖ വകുപ്പ് കൗണ്ട് ഡൗണ്‍ കലണ്ടര്‍ തയ്യാറാക്കുന്നു

 

തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം നീണ്ടുപോയ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തുറമുഖ വകുപ്പ് കൗണ്ട് ഡൗണ്‍ കലണ്ടര്‍ തയ്യാറാക്കുന്നു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നിലവിലെ പ്രശ്നങ്ങള്‍ സമഗ്രമായി വിലയിരുത്തി ഓരോ വിഷയത്തിനും പരിഹാരം തയ്യാറാക്കുകയും, പ്രവര്‍ത്തനം വിലയിരുത്താന്‍ വിസില്‍ അദാനി പോര്‍ട്ട് അംഗങ്ങള്‍ ചേര്‍ന്ന ഒരു മോണിറ്ററിംഗ് കമ്മിറ്റിയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പുതിയ വിസില്‍ എം ഡി ഗോപാല കൃഷ്ണന്‍ ഐഎഎസ് ന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം പദ്ധതി പ്രദേശത്ത് ഓഫീസും ആരംഭിച്ചു. ലാന്റ് അക്വിസിഷന്‍, റെയില്‍ കണക്റ്റിവിറ്റി, വൈദ്യുതി, വെള്ളം, പുനരധിവാസം, പാറയുടെ ലഭ്യത തുടങ്ങി ബഹുമുഖ വിഷയങ്ങളാണ് നിലവില്‍ ഉള്ളതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ മന്ത്രി വ്യക്തമാക്കി