ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതില്‍ രക്ഷാപ്രവര്‍ത്തകരൊടൊപ്പം സ്തുത്യര്‍ഹ തിരച്ചില്‍ പ്രവര്‍ത്തനം നടത്തിയ പോലിസ് നായ ഡോണയ്ക്ക് സംസ്ഥാന ബഹുമതി. ഇടുക്കി പോലിസിന്റെ ഡോഗ് സ്‌ക്വാഡിലെ ഡോണ വാര്‍ത്താമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റിയ നായയാണ്. കഴിഞ്ഞ 22ന് തൃശൂര്‍ പോലിസ് അക്കാദമിയില്‍ സംസ്ഥാന ഡോഗ് ട്രയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സേവനക്ഷമതാ പരീക്ഷയില്‍ ഡോണയ്ക്ക് സ്വര്‍ണപ്പതക്കം ലഭിച്ചു. തിരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങളിലാണ് ഡോണ വൈദഗ്ധ്യം നേടിയിരിക്കുന്നത്.
ലാബ്രഡോര്‍ റിട്രീവര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഡോണ. ഡോണയ്ക്കൊപ്പം ഇടുക്കി ഡോഗ് സ്‌ക്വാഡിലെ തന്നെ ഡോളി എന്ന നായയും പരിശീലനം പൂര്‍ത്തിയാക്കി എത്തിയിട്ടുണ്ട്. ഡോളി ബീഗിള്‍ ഇനത്തില്‍പ്പെട്ടതാണ്. ഇവള്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതില്‍ (സ്നിഫര്‍) അതിവിദഗ്ധയാണ്. ബീഗിള്‍ ഇനത്തില്‍പ്പെട്ട നായയെ കേരളത്തില്‍ ആദ്യമായാണ് പോലിസില്‍ പരിശീലനം നല്‍കി സേവനത്തില്‍ നിയോഗിച്ചിരിക്കുന്നത്. ഇടുക്കി സ്‌ക്വാഡില്‍ ഇവരെക്കൂടാതെ ജെനി, എസ്തര്‍(കുറ്റകൃത്യങ്ങള്‍ കണ്ടെത്തല്‍- ട്രാക്കര്‍), ചന്തു(സ്നിഫര്‍), നീലി, ലെയ്ക(മയക്കുമരുന്ന് കണ്ടെത്തല്‍) എന്നിവരാണ് മറ്റംഗങ്ങള്‍.
ഡോണയ്ക്കു പരിശീലനം നല്‍കിയ ഡോഗ് സ്‌ക്വാഡ് ടീമംഗങ്ങളെ ജില്ലാ പോലിസ് മേധാവി ആര്‍ കറുപ്പസാമി അഭിനന്ദിച്ചു. ജില്ലാ പോലിസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍നിന്ന് ആദ്യമായാണ് ഒരു പോലിസ് നായയ്ക്ക് തിരച്ചില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഔദ്യോഗിക ബഹുമതി ലഭിക്കുന്നത്. ലെയ്ക്കക്കും നീലിയ്ക്കും അവരവരുടെ വിഭാഗങ്ങളില്‍ മുമ്പ് ദേശീയ, സംസ്ഥാന ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
സബ് ഇന്‍സ്പെക്ടര്‍ റോയ് തോമസിന്റെ നേതൃത്വത്തില്‍ സുനില്‍കുമാര്‍, പി സി സാബു, അജിത് മാധവന്‍, പി ആര്‍ രാജീവ്, ഇ എം രതീഷ്, സജി ജോണ്‍, രഞ്ജിത് മോഹന്‍, ജെറി ജോര്‍ജ, ഡയസ് ടി ജോസ്, ടി എബിന്‍, ടി ആര്‍ അനീഷ്, പ്രദീപ്, ജുബിന്‍ വി ജോസ്, ആര്‍ ബിനു എന്നിവരുള്‍പ്പെട്ട ടീം ആണ് നായകള്‍ക്ക് പരിശീലനം നല്‍കുന്നത്. പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഏറെ ശ്രദ്ധേയനായ വളര്‍ത്തുനായ കുവിയും ഇവരൊടൊപ്പം ഇടുക്കി ഡോഗ് സ്‌ക്വാഡില്‍ പരിശീലനത്തിലുണ്ട്.