ശിവശങ്കറിനെ എൻ ഐ എ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; സർക്കാരിനും നിർണായകം

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ ഹാജാരാകനാണ് ശിവശങ്കറിന് നൽകിയ നിർദേശം. ശിവശങ്കർ പുലർച്ചെ നാലരയോടെ പൂജപ്പുരയിലെ വീട്ടിൽ നിന്നും പുറപ്പെട്ടു. രാവിലെ പത്തരയോടെ അദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരാകും

ഇന്നത്തെ ദിവസം സംസ്ഥാന സർക്കാരിനും നിർണായകമാണ്. ശിവശങ്കർ അറസ്റ്റിലായാൽ സംസ്ഥാന രാഷ്ട്രീയം വീണ്ടും കലുഷിതമാകും. മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഒരു ഉന്നതോദ്യോഗസ്ഥൻ തുടർച്ചയായി ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുന്നത് സർക്കാരിനുണ്ടാക്കുന്ന സമ്മർദം ചെറുതല്ല.

അന്വേഷണത്തിൽ വേവലാതിയില്ലെന്ന് മുഖ്യമന്ത്രിയും പാർട്ടിയെ ബാധിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞിട്ടുണ്ടെങ്കിലും പ്രതിപക്ഷം ശക്തമായ ആയുധമായി തന്നെ ഇതെടുക്കും. ശിവശങ്കറിന്റെ അറസ്റ്റ് നടന്നാൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം കുറച്ചുകൂടി ശക്തമായി ഉന്നയിക്കും.