സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ഇന്ന് മാത്രം 195 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന കണക്കാണിത്. അതേസമയം 102 പേർ ഇന്ന് രോഗമുക്തി നേടിയതും ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ ഒമ്പത് ദിവസമായി സംസ്ഥാനത്ത് നൂറിലധികം രോഗികൾ വെച്ചാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്.

രോഗികളുടെ എണ്ണം വർധിക്കുന്നതിന് പുറമെ സമ്പർക്കത്തിലൂടെയുള്ള രോഗബാധയിലും വർധനവ് കാണുന്നത് വലിയ ആശങ്കക്ക് വഴിവെക്കുന്നുണ്ട്. ഇന്ന് 15 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതും ഇതുവരെയുള്ളതിലെ ഉയർന്ന കണക്കാണ്. മലപ്പുറം ജില്ലയിലെ 10 പേർക്കും കൊല്ലം ജില്ലയിൽ 2 പേർക്കും എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടത്.

നിലവിൽ 1939 പേരാണ് കേരളത്തിൽ കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. 2108 പേർ ഇതിനോടകം രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 118 പേരും വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 62 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 1,67,978 പേരാണ് വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 2463 പേരും ആശുപത്രികളിലാണ്.