സംസ്ഥാന എൻസിപിയിലെ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിൽ മാണി സി കാപ്പൻ ഇന്ന് ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. രാവിലെ ഒമ്പത് മണിക്ക് മുംബൈയിലെ പവാറിന്റെ വീട്ടിൽ വെച്ചാണ് കൂടിക്കാഴ്ച. പാലായിൽ ജോസ് കെ മാണി വിഭാഗത്തിന് തന്നെ സീറ്റ് നൽകുമെന്ന് ഉറപ്പായതോടെ ഇടതുമുന്നണി വിടണമെന്ന നിലപാടാണ് മാണി സി കാപ്പനുള്ളത്.
സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനും ഇതേ നിലപാടാണുള്ളത്. മുന്നണി മാറ്റത്തിൽ തീരുമാനം വൈകരുതെന്ന് പവാറിന് പീതാംബരൻ കത്തയച്ചിരുന്നു. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
പാല സീറ്റിന് പകരം കുട്ടനാട് എന്ന ഫോർമുലയാണ് ശശീന്ദ്രൻ പക്ഷം മുന്നോട്ടുവെക്കുന്നത്. ശശീന്ദ്രൻ പക്ഷം തിരുവനന്തപുരത്ത് പ്രത്യേക യോഗവും ചേർന്നിരുന്നു. ശശീന്ദ്രനെതിരെ നടപടി എടുക്കണമെന്നും മാണി സി കാപ്പൻ ആവശ്യപ്പെടും. ഇതോടെ പാർട്ടി പിളർപ്പിലേക്കാണ് പോകുന്നത്.