കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നടന്ന വിവിധ സമരങ്ങളിൽ പങ്കെടുത്തതിന് ശേഷം നടത്തിയ പരിശോധനയിലാണ് അഭിജിത്തിനും സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണക്കും കൊവിഡ് സ്ഥിരീകരിച്ചത്.
കെ എസ് യു സംസ്ഥാന പ്രസിഡന്റ് പരിശോധനക്കായി വ്യാജ പേരാണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടി പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസിൽ പരാതി നൽകി. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി എൽ പി സ്‌കൂളിൽ നടന്ന പരിശോധനയിൽ ബാഹുൽകൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ് അഭിജിത്തും നൽകിയത്. അഭിജിത്ത് എന്ന പേരിന് പകരം അഭി എന്നും പേര് നൽകി.
പ്ലാമൂഡ് വാർഡിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നാമത്തെ പ്ലാമൂട് തിരുവോണം വിലാസക്കാരനെ അന്വേഷിച്ചപ്പോൾ ഈ വിലാസത്തിൽ അങ്ങനെയൊരാളില്ലെന്ന് കണ്ടെത്തി. ഇയാൾ എവിടെയാണെന്നോ എവിടെയാണ് നിരീക്ഷണത്തിൽ കഴിയുന്നതെന്നോ കണ്ടെത്താൻ സാധിച്ചില്ല.
ഇതേ തുടർന്നാണ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസിൽ പരാതി നൽകിയത്. ഇതിനിടെ രാത്രിയോടെയാണ് ഈ വ്യക്തി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ആണെന്ന് തെളിയുന്നത്.