തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് ഈ മാസം 31മുതല്‍ വിതരണം ആരംഭിക്കും. ഓഗസ്റ്റ് 16നകം കിറ്റുവിതരണം പൂര്‍ത്തിയാക്കും. ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 2വരെ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് (എഎവൈ), ഓഗസ്റ്റ് നാല് മുതല്‍ ഏഴ് വരെ പിങ്ക് കാര്‍ഡുകാര്‍ക്ക് (പിഎച്ച്‌എച്ച്), ഒന്‍പത് മുതല്‍ 12 വരെ നീല കാര്‍ഡുകാര്‍ക്കും (എന്‍പിഎസ്) 13 – 16 വരെ വെള്ള കാര്‍ഡുകാര്‍ക്കുമാണ് കിറ്റുവിതരണം.
ജൂണ്‍ മാസത്തെ കിറ്റുവിതരണം ഈ 28ന് അവസാനിപ്പിക്കാനാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 570 രൂപയുടെ കിറ്റാകും ലഭിക്കുക.
പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്, തേയില, മുളക്‌പൊടി, ഉപ്പ്, മഞ്ഞൾ, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിന് ആവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയിൽ ഒന്ന്, നെയ്യ്, ഉൾപ്പെടെയുള്ള വിഭവങ്ങളും ഉണ്ടാകും.