ബ്രിട്ടനില്‍ സാര്‍സ് കോവിഡ്-2 (SARS-CoV-2) വൈറസിന്റെ ജനിതക വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നതതലയോഗം കൂടി

ഇപ്പോഴത്തെ കോവിഡ്-19നെക്കാളം 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസാണ് വകഭേദം വന്ന വൈറസ്. മാത്രമല്ല പുതിയതരം വൈറസിന്റെ രോഗ തീവ്രതാ സാധ്യതയെപ്പറ്റിയുള്ള പഠനം നടന്നുവരുന്നതേയുള്ളൂ. കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. വയോജനങ്ങളും മറ്റുപല രോഗമുള്ളവരും സംസ്ഥാനത്ത് ധാരാളമുള്ളതിനാല്‍ രോഗം വന്നുകഴിഞ്ഞാല്‍ അവരെ ഗുരുതരമാക്കും. ആരോഗ്യമുള്ളവര്‍ക്ക് പോലും പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആ ഒരു സാഹചര്യത്തില്‍ നിലവിലെ കോവിഡ് വ്യാപനം വിലയിരുത്താനും പുതിയ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സയും ശക്തിപ്പെടുത്താനുമാണ് യോഗം കൂടിയത്.

എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കുന്നതാണ്. എയര്‍പോട്ടിനോടനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും. നാല് എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും കിയോസ്‌കുകള്‍ ആരംഭിക്കും. യുകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ കോവിഡ് പരിശോധന ശക്തമാക്കും. യു.കെ.യില്‍ നിന്നും മറ്റേതെങ്കിലും രാജ്യങ്ങള്‍ വഴിയും വരുന്നവരെ കണ്ടെത്താന്‍ സര്‍വൈലന്‍സ് സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. 14 ദിവസത്തിനുള്ളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിക്കുന്നതാണ്. 14 ദിവസത്തന് മുമ്പ് ഇവിടെ എത്തിച്ചേര്‍ന്ന ആളുകളേയും പ്രത്യേക നിരീക്ഷണത്തല്‍ കൊണ്ടുവരേണ്ടതാണ്. ഇവിടെ നിന്നും വന്നവരുടെ ക്വാറന്റൈന്‍ ശക്തിപ്പെടുത്തും. ക്വാറന്റൈനിലുള്ള എല്ലാവരും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടാണ്. എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരും നിരന്തരം കാര്യങ്ങള്‍ വിലയിരുത്തുന്നതാണ്. ജീവനക്കാര്‍ കര്‍ശനമായും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. മരുന്നുകള്‍, സുരക്ഷാ ഉപകരണങ്ങള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.