പൊലീസ് നിയമഭേദഗതിയിലെ വിവാദ ഭാഗങ്ങള്‍ തിരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പാര്‍ട്ടിയിലും മുന്നണിയിലും നിന്നടക്കം ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപമെന്ന തരത്തില്‍ നിയമം കൃത്യമാക്കുന്നതിനെക്കുറിച്ചാണ് ആലോചന. അതിനിടെ, നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കാനുള്ള സാധ്യതയാണ് പ്രതിപക്ഷം ആലോചിക്കുന്നത്.
പൊലീസ് നിയമ ഭേദഗതിയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ മാധ്യമ സ്വാതന്ത്ര്യത്തിനോ എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയുടെ പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ട ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നിയമഭേദഗതിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സൈബര്‍ ആക്രമണം കുടുംബഭദ്രതയെ പോലും തകര്‍ക്കുന്നു. ആക്രമണവിധേയരാകുന്നവര്‍ക്ക് എന്താണ് പറയാനുള്ളത് എന്നതുപോലും തമസ്‌കരിക്കുകയാണ്. ഇത്തരം ആക്രമണങ്ങള്‍ വ്യക്തിഗതമായ പകരംവീട്ടലുകള്‍ അല്ലാതെ മാധ്യമപ്രവര്‍ത്തനം ആകുന്നില്ല. പലപ്പോഴും ഇതിന്റെ പിന്നിലുളളത് പണമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റുള്ളവരുടെ ജീവിതം തകര്‍ക്കലാണ് തന്റെ സ്വാതന്ത്ര്യം എന്നു കരുതുന്നവര്‍ക്കു മാത്രമേ ഇതില്‍ സ്വാതന്ത്ര്യലംഘനം കാണാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭേദഗതിയെക്കുറിച്ച് ഉയര്‍ന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിര്‍ദേശങ്ങളെയും സര്‍ക്കാര്‍ തീര്‍ച്ചയായും പരിഗണിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചു. നിയമ ഭേദഗതി സ്ത്രീകള്‍ക്ക് എതിരായ സൈബര്‍ അക്രമങ്ങള്‍ക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും പ്രതികരിച്ചിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യം ബാധിക്കാത്ത രീതിയില്‍ മാത്രമേ ഭേദഗതി നടപ്പാക്കൂ എന്ന് സിപിഐഎം കേന്ദ്രനേതൃത്വവും വ്യക്തമാക്കി.