വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്

കണ്ണൂർ: വാട്‌സ്ആപ്പ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് വ്യാപകം. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കോൾ അറ്റൻഡ് ചെയ്താൽ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുകയും വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി.

സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെടുന്നത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യൂട്യൂബിലും അപ്്ലോഡ് ചെയ്യുമെന്നുള്ള ഭീഷണിയും മുഴക്കുന്നുണ്ട്. ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയാണെന്ന പരാതിയും ലഭിച്ചിട്ടുണ്ട്