കേരളത്തിൽ നിന്ന് ആദ്യമായി കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് നേടിയ ജെനി ജെറോമിന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിലെ കൊച്ചുതുറ സ്വദേശിയായ ജെനി ജെറോമാണ് അപൂർവമായ നേട്ടം കൈവരിച്ചത്. ജെനിയുടെ വിജയം സ്ത്രീകൾക്കും സാധാരണക്കാർക്കും നൽകുന്ന പ്രചോദനം വലുതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം
കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങൾ. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനമാണ്.
സാഹചര്യങ്ങളോടു പടപൊരുതി തന്റെ സ്വപ്നം സാക്ഷാൽക്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകൾക്കും സാധാരണക്കാർക്കും നൽകുന്ന പ്രചോദനം വലുതാണ്. സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങൾക്ക് പിന്തുണ നൽകി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്.
പെൺകുട്ടികൾക്ക് പിന്തുണ നൽകുന്ന ആ മാതൃക ഏറ്റെടുക്കാൻ സമൂഹം ഒന്നാകെ തയ്യാറാകണം. ജെനിയ്ക്ക് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ആകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.