ബിജെപിയിൽ ചേരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തന്നെ വന്നു കണ്ടതായി സിപിഎം നേതാവും കോഴിക്കോട് മുൻ മേയറുമായ തോട്ടത്തിൽ രവീന്ദ്രൻ. എന്നാൽ ബിജെപിയുമായി യോജിക്കാനാകില്ലെന്ന് താൻ വ്യക്തമാക്കിയതായും രവീന്ദ്രൻ പറഞ്ഞു
അതേസമയം സുഹൃത്തെന്ന നിലയിലാണ് രവീന്ദ്രനെ വീട്ടിൽ ചെന്ന് കണ്ടതെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രവീന്ദ്രന്റെ വീട്ടിൽ സുരേന്ദ്രൻ എത്തിയത്.
താനൊരു ഈശ്വരവിശ്വാസിയാണ്. അതേസമയം കമ്മ്യൂണിസ്റ്റുമാണ്. ഈശ്വരവിശ്വാസികൾക്ക് സിപിഎമ്മിൽ ഒരു പ്രതിസന്ധിയുമില്ലെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. നിലവിൽ പാർട്ടി ലോക്കൽ കമ്മിറ്റി അംഗമാണ് തോട്ടത്തിൽ രവീന്ദ്രൻ. രണ്ട് തവണ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.