കലക്ടർ രേഖാമൂലം ഉറപ്പ് നൽകി; ടാങ്കർ ലോറി സമരം പിൻവലിച്ചു

 

സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം പിൻവലിച്ചു. എറണാകുളം കലക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിച്ചത്. ടാങ്കർ ഉടമകൾ സർവീസ് നികുതി നൽകേണ്ടെന്ന് ജില്ലാ കലക്ടർ രേഖാമൂലം അറിയിച്ചു

സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നിരുന്നു. ബിപിസിഎൽ എച്ച്പിസിഎൽ കമ്പനികളിലെ 600 സർവീസുകളാണ് സമരത്തിന്റെ ഭാഗമായി നിർത്തി വച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി മുടങ്ങുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു

13 ശതമാനം സർവീസ് ടാക്സ് നൽകാൻ നിർബന്ധിതരായ സാഹചര്യത്തിൽ ആണ് ലോറി ഉടമകൾ സമരം ആരംഭിച്ചത്. കരാർ പ്രകാരം എണ്ണ കമ്പനികളാണ് സർവീസ് ടാക്സ് നൽകേണ്ടത് എന്നാണ് സംഘടനയുടെ വാദം. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു ലോറി ഉടമകളുടെ നിലപാട്.