ഇവനൊക്കെ അനുഭവിക്കുമെന്ന് പറയുന്നത് ഗൂഢാലോചനയാണോ; പോലീസുകാർക്ക് ഇത്ര പേടിയോ എന്നും ദിലീപ്

 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. ബാലചന്ദ്രകുമാറിന്റെ സാക്ഷി മൊഴികൾ കൊണ്ട് മാത്രം കൊലപാതക ഗൂഢാലോചന കുറ്റത്തിൽ തന്നെ പ്രതി ചേർക്കാനാകില്ലെന്ന് ദിലീപ് വാദിച്ചു.

ബാലചന്ദ്രകുമാർ കെട്ടിയിറക്കിയ സാക്ഷിയാണ്. ഇതുവരെയും ഉദ്യോഗസ്ഥർക്കെതിരെ ഒരു അപായ ശ്രമവും ഉണ്ടായതായി പരാതിയില്ല. ഇവനൊക്കെ അനുഭവിക്കുമെന്ന് ശപിക്കുന്നത് എങ്ങനെയാണ് ഗൂഢാലോചനയാകുന്നത്. പോലീസുദ്യോഗസ്ഥർക്ക് ഇത്ര പേടിയാണോയെന്നും പ്രതിഭാഗം ചോദിച്ചു.

കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ പോരെന്നും ഇതിന് തെളിവുകൾ വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഗൂഡാലോചനക്കുറ്റവും പ്രേരണ കുറ്റവും ഒന്നല്ലെന്ന് കോടതി വ്യക്തമാക്കി. ഒരാൾ ഒരു മുറിയിൽ വെച്ച് ഒരാളെ വകവരുത്തണമെന്ന് പ്രസ്താവന നടത്തുന്നു. അങ്ങനെ നടത്തുന്ന ഒരു പ്രസ്താവന എങ്ങനെ ഗൂഡാലോചനയുടെ പരിധിയിൽ വരുമെന്നാണ് കോടതിയുടെ ചോദ്യം.