ചെല്ലാനം പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി; യുഡിഎഫിന് വൈസ് പ്രസിഡന്‍റ് പദവി

 

കൊച്ചി ചെല്ലാനം പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. 12 വോട്ടുകൾക്കാണ് ട്വന്‍റി-20യുടെ അവിശ്വാസം പാസായത്. പ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചു. ട്വന്‍റി-20 ക്ക് പ്രസിഡന്‍റ് പദവിയും യുഡിഎഫിന് വൈസ് പ്രസിഡന്‍റ് പദവിയും ലഭിക്കുമെന്നാണ് സൂചന

21 അംഗങ്ങളാണ് ചെല്ലാനം പഞ്ചായത്തിലുള്ളത്. എല്‍.ഡി.എഫിന് 9 സീറ്റ്, ട്വന്‍റി 20ക്ക് 8 സീറ്റ്, യു.ഡി.എഫിന് നാല് സീറ്റ് എന്നിങ്ങനെയാണ് കക്ഷി നില. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിട്ടുനിന്നത് കാരണമാണ് ഭരണം എല്‍.ഡി.എഫിന് കിട്ടിയത്. എന്നാല്‍ ഈയിടെ കോട്ടയം ജില്ലയിലെ രണ്ട് നഗരസഭകളില്‍ സി.പി.എം നടത്തിയ നീക്കത്തില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായതോടെ പ്രതിരോധ നടപടികള്‍ക്ക് കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ആദ്യ പടിയായി ചെല്ലാനം പഞ്ചായത്തിലാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. ട്വന്‍റി-20യുമായി ചേര്‍ന്ന് ഇടതുഭരണം പൊളിക്കാനായിരുന്നു തീരുമാനം. ട്വന്‍റി ട്വന്‍റിയുമായി ചര്‍ച്ച നടത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രതികരണം.

എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പൈങ്ങോട്ടൂരിലും തൃക്കാക്കരയിലും എല്‍.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. പൈങ്ങോട്ടൂരില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. തൃക്കാക്കര ക്വാറം തികയാതെ അവിശ്വാസ നീക്കം പരാജയപ്പെട്ടു.