രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; എന്താകും ആദ്യ മന്ത്രിസഭാ തീരുമാനം

 

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ്. 21 അംഗ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം

ചടങ്ങിനെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ചടങ്ങ് തത്സമയം കാണിക്കുന്നതിന് ഇൻഫർമേഷൻ പബ്ലിക് വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഗവൺമെന്റ് ഫേസ്ബുക്ക് പേജ്, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്, പിആർഡി കേരളാ യൂട്യൂബ് ചാനൽ, സർക്കാർ വെബ്‌സൈറ്റ്, പിആർഡി ലൈവ് മൊബൈൽ ആപ്പ് എന്നിവ വഴി ചടങ്ങ് കാണാനാകും

സത്യപ്രതിജ്ഞക്ക് ആർക്കൊക്കെയാണ് ക്ഷണം ലഭിച്ചിരിക്കുന്നതെന്നും വൈകുന്നേരത്തോടെ മനസ്സിലാകും. ഇതിലും സർപ്രൈസ് എന്തെങ്കിലുമുണ്ടോയെന്ന ആകാംക്ഷയാണ് പലർക്കുമുള്ളത്.

മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഇന്നുണ്ടാകും. ഇതിന് മുമ്പായി മുഖ്യമന്ത്രി ഗവർണർക്ക് വകുപ്പുകൾ സംബന്ധിച്ച കത്ത് നൽകും. സത്യപ്രതിജ്ഞക്ക് ശേഷം ആദ്യ മന്ത്രിസഭാ യോഗം നടക്കും. സർക്കാരിന്റെ ആദ്യ തീരുമാനമെന്താണെന്നും ഇതിന് ശേഷം അറിയാം.