പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കുളത്തൂപ്പുഴയില്‍ പതിനേഴു വയസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചന്ദനക്കാവ് വടക്കേ ചെരുകര സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനി ദിവ്യയാണ് മരിച്ചത്. കുളത്തൂപ്പുഴ വടക്കേ ചെറുകര ദീപ വിലാസത്തില്‍ കൃഷ്ണന്‍കുട്ടി- ദീപ ദമ്പതികളുടെ മകളാണ്. അമ്മയുടെ അച്ഛന്‍ തങ്കപ്പനോടൊപ്പമായിരുന്നു താമസം.

അമ്മ ജോലിയുടെ ഭാഗമായി തിരുവനന്തപുരത്തായിരുന്നു. രാവിലെ കടയില്‍ പോയി മടങ്ങിവന്ന തങ്കപ്പന്‍ വീടിന് പുറത്തുനിന്നു വിളിച്ചിട്ടും ദിവ്യ കതകു തുറന്നില്ല. തുടര്‍ന്ന് നോക്കിയപ്പോഴാണ് അടുക്കളയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയനിലയില്‍ കാണപ്പെട്ടത്. ഉടന്‍ നാട്ടുകാരെയും പഞ്ചായത്ത് അംഗത്തെയും വിവരം അറിയിച്ചു.

കുളത്തൂപ്പുഴ പൊലീസും കൊല്ലത്തു നിന്നുളള ഫൊറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍‌ട്ട് നിര്‍‌ണായകമാണ്. ദിവ്യയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടി എട്ടുവര്‍ഷം മുന്‍പാണ് മരിച്ചത്.