ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിദഗ്ദ സമിതി; പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട്ട്

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തി. ഏതൊക്ക ഡാമുകള്‍, എപ്പോള്‍ തുറക്കണം, എത്ര വെള്ളം ഒഴുക്കിവിടണം തുടങ്ങിയ കാര്യങ്ങള്‍ സമിതിയാണ് തീരുമാനം എടുക്കുക. ഡാമുകള്‍ തുറക്കുമ്പോഴുണ്ടാകുന്ന പുനരവിധാവസമടക്കമുള്ള വിഷയങ്ങള്‍ക്കും വിദഗ്ദ സമിതി നേതൃത്വം നല്‍കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും, ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരുമടക്കം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗം ഇപ്പോഴും പുരോഗമിക്കുകയാണ്.
മഴക്കെടുതികള്‍ സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തില്‍ കോളജുകള്‍ തുറക്കുന്നത് 25ലേക്ക് മാറ്റി. ഇടുക്കി അടക്കമുള്ള ഡാമുകള്‍ തുറക്കേണ്ടിവരുമെന്നാണ് വൈദ്യുതിമന്ത്രി കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇടുക്കിയും ഇടമലയാറും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമിക്കുക.

പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കക്കി, ഷോളയാര്‍, മാട്ടുപ്പെട്ടി, കുന്ദള, കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, മൂഴിയാര്‍, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇറിഗേഷന്‍ വകുപ്പിന്റെ അഞ്ച് ഡാമുകളിലും ഇലക്രിസിറ്റി വകുപ്പിന്റെ മൂന്ന് ഡാമുകളിലും ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.