തലസ്ഥാനത്ത് ഗുരുതര സാഹചര്യം; രണ്ടിലൊരാൾ കൊവിഡ് പോസീറ്റീവാകുന്ന സ്ഥിതിയെന്ന് മന്ത്രി ആന്റണി രാജു

 

തലസ്ഥാനത്തെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് മന്ത്രി ആന്റണി രാജു. ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാൾ പോസിറ്റീവാകുകയാണ്. കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന് പ്രത്യേക അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു

48 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏറ്റവുമുയർന്ന ടിപിആറും തിരുവനന്തപുരം ജില്ലയിലാണ്. നഗരത്തിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. ജില്ലയിൽ കലക്ടർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും

നിയന്ത്രണങ്ങൾ ജനങ്ങൾ ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് യോഗം വിലയിരുത്തിയത്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. മാളുകൾക്കും നിർദേശങ്ങൾ ബാധകമാണ്. മാളുകളിലെ തിരക്കുകൾ നിയന്ത്രിക്കണം. പൊതുജനങ്ങൾ കൂട്ടം കൂടുന്നതടക്കമുള്ള കാര്യങ്ങൾ ഒഴിവാക്കുന്നതിന് കർശന നടപടി സ്വീകരിക്കാൻ മന്ത്രിമാർ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.