തിരുവനന്തപുരം: അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. വ്യാഴാഴ്ച തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും 48 മണിക്കൂറില്‍ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനാല്‍ കേരളത്തില്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. നാളെ ഈ ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരം ജില്ലയിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരള തീരത്ത് ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

 
                         
                         
                         
                         
                         
                        