സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സ്ഥിതിയിലേക്ക്. ഇതിലേറ്റവും ആശങ്കജനകമായിട്ടുള്ളത് തലസ്ഥാന ജില്ലയിലെ കൊവിഡ് വ്യാപനമാണ്. ഇന്ന് 461 പേർക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറം ജില്ലയിൽ 306 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇത് കൂടാതെ നാല് ജില്ലകളിൽ നൂറിലധികം രോഗികളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശ്ശൂരിൽ 156 പേർക്കും ആലപ്പുഴയിൽ 139 പേർക്കും പാലക്കാട് 137 പേർക്കും എറണാകുളത്ത് 129 പേർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പർക്ക രോഗികളുടെ എണ്ണവും ഇന്ന് വർധിച്ചു. ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ച 1725 കേസുകളിൽ 1572 എണ്ണവും സമ്പർക്ക രോഗികളാണ്. തിരുവനന്തപുരത്ത് 435 പേർക്കും മലപ്പുറത്ത് 285 പേർക്കും തൃശ്ശൂരിൽ 144 പേർക്കും പാലക്കാട് 124 പേർക്കും എറണാകുളത്ത് 123 പേർക്കും ആലപ്പുഴയിൽ 122 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.