കോവിഡ് പ്രതിസന്ധിയിലും ഐടിമേഖലയിൽ നേട്ടംകൊയ്ത് സംസ്ഥാനം. 2020-–-21 സാമ്പത്തികവർഷം തിരുവനന്തപുരം ടെക്‌നോപാർക് 8501 കോടി രൂപയുടെ സോഫ്‌റ്റ്‌വെയർ കയറ്റുമതി ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് 7.7 ശതമാനം വർധന. 2019–-20 വർഷം 7890 കോടി രൂപയായിരുന്നു കയറ്റുമതിവരുമാനം. അടിസ്ഥാനസൗകര്യ വികസനത്തിലും മികച്ച മുന്നേറ്റമാണ്. ഐടി സ്‌പെയ്‌സ് 10 ദശലക്ഷം ചതുരശ്ര അടി എന്ന നാഴികക്കല്ല് പിന്നിട്ടു. കമ്പനികളും ജീവനക്കാരും വർധിച്ചു. 460 കമ്പനിയിലായി 63,000 ജീവനക്കാരുണ്ട്.
പ്രതികൂല സാഹചര്യത്തിലും മുന്നേറാനുള്ള കമ്പനികളുടെ കരുത്താണ് സോഫ്‌റ്റ്‌വെയർ കയറ്റുമതിയിലെ വളർച്ച സൂചിപ്പിക്കുന്നതെന്ന് കേരള ഐടി പാർക്‌സ് സിഇഒ ജോൺ എം തോമസ് പറഞ്ഞു. കോവിഡ് കാലത്ത് സർക്കാർ നൽകിയ പിന്തുണയും പുതിയ നയങ്ങളും സഹായകമായി. ടെക്നോപാർക്കിൽ ക്യാമ്പസ് ആധുനികവൽക്കരണവും അടിസ്ഥാന സൗകര്യ വികസനവും പൂർത്തിയാകുന്നതോടെ ഇനിയും മുന്നേറ്റമുണ്ടാകും.