കോവിഡ് തീവ്രവ്യാപനം: ഇന്ന് അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തിൽ അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഓൺലൈൻ വഴിയാണ് യോഗം.

യോഗത്തിൽ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ പങ്കെടുക്കും. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും നിയന്ത്രണങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.

ഇതിനിടെ സംസ്ഥാനത്ത് പരിശോധന വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ മാസ് കോവിഡ് പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കാകും ഇത്തരത്തിൽ കൂട്ട കോവിഡ് പരിശോധന നടത്തുക.

രാജ്യത്തുടനീളം കോവിഡ് അതിതീവ്രവ്യാപനത്തിലേക്ക് കടന്നതോടെ പല സംസ്ഥാനങ്ങളും കർശന നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. കർഫ്യൂ അടക്കം പലയിടത്തും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തും ഏത് രീതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന്  മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനമാകും.

സംസ്ഥാനത്ത് ബുധനാഴച 8778 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്.