പെട്രോൾ, ഡീസൽ വില കുത്തനെ കൂടിയേക്കും

 

കൊച്ചി: കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഏറെ നിർണായകമായ ഉത്തർപ്രദേശും പഞ്ചാബും ഗോവയുമടക്കം അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചാലുടൻ പെട്രോൾ, ഡീസൽ വില കുത്തനെ കൂടിയേക്കും. കേന്ദ്രം പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് നികുതി കുറച്ച കഴിഞ്ഞ നവംബർ നാലിനുശേഷം 101 ദിവസമായി എണ്ണക്കമ്പനികൾ ഇന്ധനവില പരിഷ്‌കരിച്ചിട്ടില്ല.

ഇന്ധനവില മാറ്റമില്ലാതെ ഇത്രനാൾ തുടരുന്നത് ആദ്യമാണ്. നവംബർ ആദ്യവാരം ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽ വില (ഇന്ത്യൻ ബാസ്‌കറ്റ്) ബാരലിന് 80 ഡോളറായിരുന്നു. ഇപ്പോൾ 92.41 ഡോളർ. വിലവർദ്ധനയുടെ ഈ ഭാരം തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് കൈമാറിയിട്ടില്ല.

ലിറ്ററിന് എട്ടുമുതൽ 10 രൂപവരെ വർദ്ധനയാണ് തിരഞ്ഞെടുപ്പ് മൂലം ഒഴിവാക്കപ്പെട്ടതെന്നാണ് വിലയിരുത്തലുകൾ. വോട്ടിംഗ് അവസാനിച്ചശേഷം പ്രതിദിനമായോ ഒറ്റയടിക്കോ ഇന്ധനവില കൂട്ടും. ഇതേ അഞ്ചുസംസ്ഥാനങ്ങളിൽ 2017ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ജനുവരി 16 മുതൽ ഏപ്രിൽ ഒന്നുവരെയും ആ വർഷം ഡിസംബറിൽ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ തുടർച്ചയായി 14 ദിവസവും എണ്ണക്കമ്പനികൾ ഇന്ധനവില നിലനിറുത്തിയിരുന്നു.

2018 മേയിലെ കർണാടക തിരഞ്ഞെടുപ്പ് വേളയിൽ തുടർച്ചയായ 19 ദിവസം വില പരിഷ്‌കരിച്ചില്ല. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം രണ്ടാഴ്‌ചയ്ക്കിടെ പെട്രോളിന് 3.80 രൂപയും ഡീസലിന് 3.38 രൂപയും കൂട്ടി. കൊവിഡ്, ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ 2020 മാർച്ച് 17 മുതൽ ജൂൺ ആറുവരെയും വില പരിഷ്‌കരിച്ചിരുന്നില്ല.