ഫ്ലാറ്റില്‍ നിന്നും വീണ് വീട്ടുവേലക്കാരി മരിച്ച സംഭവത്തില്‍ പരാതിയില്ലന്ന് ബന്ധുക്കള്‍

കൊച്ചിയില്‍ ഫ്ലാറ്റില്‍ നിന്നും വീണ് പരിക്കേറ്റ വീട്ടുവേലക്കാരി മരിച്ച സംഭവത്തില്‍ പരാതിയില്ലന്ന് മരിച്ച കുമാരിയുടെ ബന്ധുക്കള്‍. കൊച്ചി മറൈൻഡ്രൈവിലുള്ള ഫ്‌ളാറ്റിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശി കുമാരിയ്ക്ക് അപകടം സംഭവിക്കുന്നത്. തുടർന്ന് ഗുരുതരാവസ്ഥയിൽ സ്വകാര്യ അശുപത്രിയിൽ ചികിത്സയിലായിരുന്ന കുമാരി ഇന്നലെ രാത്രിയാണ് മരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പരാതി ഉന്നയിച്ച ബന്ധുക്കൾ നിലവിൽ പരാതിയില്ലെന്നാണ് പൊലീസിനെ അറിയിച്ചത്.

തമിഴ്നാട് സേലം സ്വദേശിനിയായാണ് കുമാരി. ഫ്ലാറ്റ് ഉടമക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ഏഴ് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുമാരി. കൊച്ചിയിലെ ഹൊറൈസൺ ഫ്ലാറ്റിലെ ആറാം നിലയിൽ നിന്ന് വീണ കുമാരിയുടെ തലയ്‌ക്കും കാലിനുമായിരുന്നു പരിക്കേറ്റിരുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് കുമാരി നാട്ടിൽ നിന്നും ഫ്ലാറ്റിൽ തിരികെയെത്തിയത്. എന്നാൽ വീണ്ടും നാട്ടിലേക്ക് പോകണമെന്ന് ഫ്ലാറ്റ് ഉടമയോട് കുമാരി ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. ഈ ആവശ്യം ഫ്ലാറ്റ് ഉടമ നിരസിച്ചതോടെ അടുക്കളയിലേക്കുളള വാതിൽ അകത്തു നിന്ന് പൂട്ടി ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന.