മലപ്പുറം പൊന്നാനി നഗരസഭ പരിധിയിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ

പൊന്നാനിയിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് പൊന്നാനി നഗരസഭ പരിധിയിൽ ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ.

കഴിഞ്ഞ ദിവസം ജില്ലയിൽ സമ്പർക്കത്തിലൂടെ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 24 പേർ പൊന്നാനിയിൽ നിന്നുള്ളവരാണ്. രോഗവ്യാപനം കണ്ടെത്തുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് ഇവർ പോസിറ്റീവ് ആയത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. ആരോഗ്യ പ്രവർത്തകർ, ബാങ്ക് ജീവനക്കാരൻ, മത്സ്യ തൊഴിലാളി തുടങ്ങി വീട്ടമ്മമാരുൾപ്പെടെയുള്ളവർക്കാണ് പൊന്നാനി താലൂക്കിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

മലപ്പുറം ജില്ലയിൽ പൊന്നാനി ഉൾപ്പെടെ നാല് ക്ലസ്റ്ററുകളിലാണ് നിലവിൽ ആശങ്ക നിലനിൽക്കുന്നത്. സമ്പർക്കത്തിലൂടെ വില്ലേജ് ഓഫീസ് ജീവനക്കാരനുൾപ്പെടെ രോഗം സ്ഥിരീകരിച്ച താനൂർ നഗരസഭാ പരിധിയും, 4 എയർപോർട്ട് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച കരിപ്പൂരും, 4 ലധികം സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്ത ചുങ്കത്തറയുമാണ് ജില്ലയിൽ കോവിഡ് വ്യാപന ആശങ്ക ഉയർത്തുന്ന ക്ലസ്റ്ററുകൾ.