വിഷുവെത്തി, വിപണിയും ഉണര്‍ന്നു

കോഴിക്കോട്: സമൃദ്ധിയുടെ കണിയുമായെത്തുന്ന വിഷു പുലരിയെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും. ലോക്ക് ഡൗണില്‍ ഇരുട്ടിലാണ്ട ഇന്നലെകളെ മറന്ന് കൊവിഡ് മഹാമാരി വട്ടമിട്ട് പറക്കുമ്ബോഴും വിഷു ആഘോഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് മലയാളികള്‍. കഴിഞ്ഞ വര്‍ഷം കൊവിഡില്‍ നഷ്ടമായിപ്പോയ വിപണിയെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും. കോഴിക്കോട് മിഠായിത്തെരുവ്, പാളയം, വലിയങ്ങാടി എന്നിവിടങ്ങളിലെല്ലാം വിപണി സജീവമാണ്. കിടിലന്‍ ഓഫറുകള്‍ നല്‍കിയാണ‌് വ്യാപാര കേന്ദ്രങ്ങള്‍ ഉപഭോക്താക്കളെ വിളിക്കുന്നത‌്.

കൊവിഡില്‍ നിന്നുളള കരുതലായി വിഷുക്കോടിയും പടക്കങ്ങളും മറ്റും വാങ്ങാന്‍ തിരക്കൊഴിഞ്ഞ നേരം നോക്കിയെത്തുന്നവര്‍ പോലും നഗരത്തിരക്കില്‍ മുങ്ങിപ്പോവുകയാണ്.
വിഷുവിന് രണ്ടുനാള്‍ മാത്രം ശേഷിക്കെ ഇന്നലെ വിപണന കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കായിരുന്നു. കനത്ത വെയിലിനെ അവഗണിച്ച്‌ കുടുംബ സമേതമാണ് പലരും വിഷുക്കോടി വാങ്ങാന്‍ നഗരത്തിലെത്തിയത്. സാധാരണക്കാരുടെ കീശ കാലിയാക്കാത്ത തെരുവ് കച്ചവടത്തിലാണ് മിക്കവരുടെയും ശ്രദ്ധ.
പച്ചക്കറി, പലചരക്ക് കടകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയും പൊടിപൊടിക്കുകയാണ്.
കണിവെള്ളരിയും കണിമത്തനും കടകളില്‍ നിരന്നുകഴിഞ്ഞു. കണിവെള്ളരിക്കും മത്തനും 35 രൂപ മുതലാണ് വില. പച്ചക്കറികളും പഴങ്ങളുമടങ്ങിയ വിഷുക്കിറ്റും വിപണിയിലുണ്ട്. പച്ചക്കറിക്ക് വില കുറഞ്ഞെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിഷുവിന് പിന്നാലെ റംസാനും എത്തുന്നതിനാല്‍ വിപണിക്ക് ഉണര്‍വുണ്ടാകുമെന്ന പ്രത്യാശയിലാണ് കച്ചവടക്കാര്‍. വിഷു പ്രമാണിച്ച്‌ കൂടുതല്‍ സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയാണ് വ്യാപാരികള്‍. രണ്ട് ദിവസത്തിനുള്ളില്‍ കൊന്നപ്പൂക്കളും വില്‍പ്പനയ്‌ക്കെത്തും. മിഠായിത്തെരുവ്, മാനാഞ്ചിറ, പാളയം മാര്‍ക്കറ്റുകളിലെ വൈകീട്ടത്തെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പാടുപെടുകയാണ്. വിഷു വിപണി ലക്ഷ്യമാക്കിയെത്തുന്നവരുടെ വാഹനങ്ങള്‍ നിറഞ്ഞതോടെ റോഡുകളില്‍ ഗതാഗത ക്കുരുക്കും രൂക്ഷമായിട്ടുണ്ട്.