കോഴിക്കോട്: മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ റമദാന്‍ വ്രതാരംഭത്തിനു നാളെ തുടക്കമാവും. കോഴിക്കോടിനടുത്തുള്ള കാപ്പാട് കടപ്പുറത്തും വെള്ളയിലും ചദ്രക്കല കണ്ടതായി ഖാസിമാര്‍ സ്ഥിരീകരിച്ചു. ഇന്നലെ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രിം കോടതിയും ഖത്തര്‍ ഔഖാഫ് മന്ത്രാലയവും അറിയിച്ചിരുന്നു. ഒമാന്‍, യുഎഇ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ചൊവ്വാഴ്ചയാണ് വ്രതാരംഭം. വിശ്വാസികള്‍ക്കിനി ഒരു മാസം വ്രതശുദ്ധിയുടെ പുണ്യ ദിനങ്ങളാണ്. പകല്‍ മുഴുവന്‍ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുന്ന രാപ്പകലുകള്‍. വീട്ടകങ്ങളും പള്ളികളും എന്നു വേണ്ട ഓരോ ഇസ് ലാം മത വിശ്വാസിയുടെയും മനസ്സില്‍ പാപമോചനത്തിന്റെയും പ്രാര്‍ഥനകളുടെയും നാളുകളാണ് കടന്നുവരുന്നത്. പള്ളികളില്‍ പ്രാര്‍ഥനാനിരതരായും ദാന ധര്‍മങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും മുഴുകിയും സ്വയം നവീകരണത്തിന്റെ ദിനങ്ങളാണ് വരുന്നത്. ഓരോ പുണ്യപ്രവൃത്തിക്കും എത്രയോ മടങ്ങ് ഇരട്ടി പ്രതിഫലം ലഭിക്കുമെന്ന അല്ലാഹുവിന്റെ വാഗ്ദാനം പൂര്‍ണമായും നന്‍മയില്‍ മുഴുകാന്‍ വിശ്വാസിക്കു പ്രചോദനമാണ്.
The Best Online Portal in Malayalam