കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വലിയങ്ങാടിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം വലിയങ്ങാടിയിലേക്ക് എത്തുന്ന ചരക്കുകള്‍ ഇറക്കാന്‍ ഒരു ദിവസവും കച്ചവടം നടത്താനും സാധനങ്ങള്‍ കയറ്റി അയക്കാനും അടുത്ത ദിവസവുമായാണ് ക്രമീകരിച്ചത്. തുടര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ ഇറക്കുമതിയും കയറ്റുമതിയും നടത്തുക എന്ന രീതിയിലാണ് ക്രമീകരണം. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, എം കെ മുനീര്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുതിയ ക്രമീകരണം വ്യാഴാഴ്ച (ആഗസ്റ്റ് 13) മുതല്‍ നടപ്പാക്കാനും തീരുമാനിച്ചു. കൂടുതല്‍ പ്രദേശങ്ങള്‍ ക്ലസ്റ്ററുകളായി മാറാന്‍ പാടില്ലായെന്ന തരത്തിലുള്ള ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും മാര്‍ക്കറ്റ് പൂര്‍ണമായി അടക്കേണ്ടി വരുന്നത് ഒഴിവാക്കുന്നതിനാണ് പുതിയ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വലിയങ്ങാടി മേഖല കേന്ദ്രീകരിച്ച് ക്ലസ്റ്റര്‍ രൂപീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തിരമായി യോഗം ചേര്‍ന്നത്. കടയുടമകള്‍, തൊഴിലാളികള്‍, ചുമട്ടുത്തൊഴിലാളികള്‍, ലോറി ജീവനക്കാര്‍, ചരക്കെടുക്കാന്‍ വരുന്നവര്‍ തുടങ്ങി ഒരേസമയം 3000-ത്തിലധികം പേരാണ് വലിയങ്ങാടിയില്‍ ഉണ്ടാകാറുള്ളത്. തീരുമാനം നടപ്പാക്കുന്നതോടെ ഒരേ സമയം ഇവിടെ എത്തുന്നവരുടെ എണ്ണം പകുതിയായി കുറക്കാന്‍ സാധിക്കും.
തീരുമാനത്തിന്റെ ഭാഗമായി വ്യാഴാഴ്ച കടകളിലേക്ക് വരുന്ന സാധനങ്ങള്‍ ഇറക്കുന്ന പ്രവൃത്തി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. തൊട്ടടുത്ത ദിവസം കച്ചവടവും സാധനങ്ങള്‍ കയറ്റി അയക്കലും നടത്താം. സാധനങ്ങള്‍ ഇറക്കുന്ന ദിവസങ്ങളില്‍ കച്ചവടം നടത്തരുതെന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളിലേക്കല്ലാതെ വ്യക്തികള്‍ക്ക് വലിയങ്ങാടിയില്‍ നിന്ന് ചില്ലറ വില്‍പ്പന നടത്താന്‍ പാടില്ല. നിലവില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വലിയങ്ങാടിയുടെ പ്രവര്‍ത്തന സമയം. റസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നുള്ളവര്‍ വലിയങ്ങാടിയിലേക്ക് കയറുന്നത് ഒഴിവാക്കണം.
വലിയങ്ങാടിയിലെ മാര്‍ക്കറ്റുമായുമായി ബന്ധപ്പെട്ട് 15 രോഗികളാണുള്ളത്. 1,011 പരിശോധനകളാണ് ഇവിടെ നടത്തിയത്. ബുധനാഴ്ച 600 ടെസ്റ്റുകള്‍ കൂടി നടത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്.
വലിയങ്ങാടിയോട് ചേര്‍ന്ന് നില്‍ക്കുന്ന കുറ്റിച്ചിറ മേഖലയിലും നിയന്ത്രണം കര്‍ശനമാക്കാനും ആരോഗ്യ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും തീരുമാനിച്ചു. പ്രായമായവര്‍, രോഗികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും. നിരീക്ഷണത്തിലിരിക്കേണ്ടവര്‍ക്ക് വീടുകളില്‍ സൗകര്യമില്ലെങ്കില്‍ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റും. പ്രവര്‍ത്തനങ്ങള്‍ ദിനംപ്രതി വിലയിരുത്തുന്നതിനായി സബ്കലക്ടര്‍ കണ്‍വീനറായി അസി. പൊലിസ് കമിഷണര്‍, ഹെല്‍ത്ത് ഓഫീസര്‍, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവരടങ്ങിയ സബ്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ദിവസവും റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറും. മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ യോഗം ബുധനാഴ്ച രാവിലെ 10 മണിക്ക് മേയറുടെ ചേംബറില്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്.
സബ് കലക്ടര്‍ ജി പ്രിയങ്ക, ഡിഎംഒ വി. ജയശ്രീ, കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, സിഐ എ ഉമേഷ്, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍. എസ് ഗോപകുമാര്‍, വലിയങ്ങാടിയിലെ മൊത്തക്കച്ചവടക്കാര്‍, വ്യാപാരി, തൊഴിലാളി പ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.