പിഴയടയ്ക്കാം, ജാമ്യം തരണം: ഇ ബുൾ ജെറ്റ് വ്ലോഗർമാർ കോടതിയിൽ

 

കണ്ണൂര്‍: നിയമവിരുദ്ധമായി ട്രാവലര്‍ രൂപം മാറ്റിയതിന് പിഴയടയ്ക്കാമെന്ന് ഇ ബുള്‍ ജെറ്റ് സഹോദന്മാർ കോടതിയിൽ ഉറപ്പ് നൽകി. എന്നാൽ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു. നിയമലംഘനങ്ങള്‍ക്ക് പിഴയൊടുക്കാമെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വ്ളോഗര്‍മാര്‍ കോടതിയെ അറിയിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കണ്ണൂർ സ്വദേശികളായ ലിബിന്‍, എബിന്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. നിയമവിരുദ്ധമായി ട്രാവലര്‍ രൂപം മാറ്റിയതിന് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തി ബഹളംവച്ചതിന് പിന്നാലെയായിരുന്നു നടപടി.

അതേസമയം, കള്ളക്കേസില്‍ കുടുക്കി ജയിലടക്കാനാണ് പൊലീസിന്‍റെ ശ്രമമെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അഭിഭാഷകന്‍ മുഹമ്മദ് ഫൗസ് കോടതിയിൽ ആരോപിച്ചു. വ്ലോഗ്ർമാരെ വിട്ടുകിട്ടണമെന്ന് ആരോപിച്ച് ഇൻസ്റ്റാഗ്രാമിലും മറ്റും കുട്ടികൾ വരെ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.