ഡിജിറ്റല്‍ വിദ്യാഭ്യാസരംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം ഇന്ന്. വ്യാഴാഴ്ച രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. എല്ലാ പ്രദേശത്തും ഇന്റര്‍നെറ്റ് സൗകര്യമുണ്ടെന്ന് ഉറപ്പിക്കാനായാണ് യോഗം. ആദിവാസി ഊരുകളിലടക്കം ഒട്ടേറെ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല. അതിനാല്‍, ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങിയിരിക്കുന്നതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍.
ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത പ്രശ്‌നമാവുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഫോണ്‍വഴിയും ഫേസ്ബുക്ക് സന്ദേശങ്ങളുമായി മുഖ്യമന്ത്രിക്കും കലക്ടര്‍മാര്‍ക്കും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗം വിളിക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് വേണ്ട ഇന്റര്‍നെറ്റ് സൗജന്യമായോ നിരക്ക് കുറച്ചോ നല്‍കാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ തീരുമാനവും ഇന്നറിയാന്‍ സാധിച്ചേക്കും.