കാരാപ്പുഴ അഡ്വഞ്ചര്‍ പാര്‍ക്ക്: നിക്ഷേപകരെ ഗതികേടിലാക്കി കോവിഡ് വ്യാപനം

കല്‍പറ്റ: ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തില്‍ അഡ്വഞ്ചര്‍ പാര്‍ക്കിനു മുതല്‍ മുടക്കിയവരെ കോവിഡ് വ്യാപനം ഗതികേടിലാക്കി. ഏകദേശം രണ്ടു കോടി രൂപ ചെലവില്‍ സജ്ജീകരിച്ച അഡ്വഞ്ചര്‍ പാര്‍ക്ക് ഏതാനും ആഴ്ചകള്‍ മാത്രമാണ് സംരംഭകര്‍ക്കു പ്രവര്‍ത്തിപ്പിക്കാനായത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ച വിനോദസഞ്ചാരകേന്ദ്രം തുറക്കാന്‍ വൈകിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഓര്‍ത്ത് ഉരുകുകയാണ് സംരംഭകരുടെ ഉള്ളം. ജീവിത സമ്പാദ്യവും ബാങ്ക് വായ്പയും ഉപയോഗപ്പെടുത്തി ആരംഭിച്ചതാണ് അഡ്വഞ്ചര്‍ പാര്‍ക്ക്. പ്രവാസിയടക്കം മൂന്നു വയനാട്ടുകാരം ഒരു കണ്ണൂര്‍ സ്വദേശിയും കാരാപ്പുഴ എയ്റോ അഡ്വഞ്ചര്‍ എന്ന പേരില്‍ ആരംഭിച്ച സംരംഭമാണ് അഡ്വഞ്ചര്‍ പാര്‍ക്കിനു മുതല്‍മുടക്കിയത്.  ജില്ലയിലെ പ്രധാന പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാണ് കാരാപ്പുഴ. ഇവിടം കൂടുതല്‍ സന്ദര്‍ശകസൗഹൃദമാക്കുന്നതിനു വിഭാവനം ചെയ്തതാണ് അഡ്വഞ്ചര്‍ പാര്‍ക്ക്. ഇതിന്റെ മൂന്നു വര്‍ഷത്തെ നടത്തിപ്പവകാശം നാഷണല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷനാണ് ജലവിഭവ വകുപ്പ് നല്‍കിയത്. വരുമാനത്തിന്റെ 20 ശതമാനം ജലവിഭവ വകുപ്പിനു ലഭിക്കുന്ന വിധത്തിലായിരുന്നു എന്‍.എ.എഫുമായുള്ള കരാര്‍. എന്‍.എ.എഫുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് നടത്തിപ്പു ചുമതല കാരാപ്പുഴ എയ്റോ അഡ്വഞ്ചറിനു കിട്ടിയത്.  സിപ്‌ലൈന്‍, ഹ്യൂമന്‍ സ്ലിംഗ് ഷോട്ട്, ബഞ്ചി ട്രംപോളിന്‍, ട്രംപോളിന്‍ പാര്‍ക്ക്, ഹ്യൂമന്‍ ഗെയ്‌റോ എന്നീ സൗകര്യങ്ങളോടെ 2020 ഫെബ്രുവരി 23നായിരുന്നു അഡ്വഞ്ചര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം. 16 ദിവസം കഴിഞ്ഞപ്പോള്‍ പാര്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ സംരംഭകര്‍ നിര്‍ബന്ധിതരായി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാരാപ്പുഴ ഉള്‍പ്പെടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ പൂട്ടിയപ്പോള്‍ പാര്‍ക്കിനും താഴുവീഴുകയായിരുന്നു. മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കുശേഷം 2021 ജനുവരി 16നാണ് കാരാപ്പുഴ ടൂറിസം കേന്ദ്രത്തിന്റെയും അഡ്വഞ്ചര്‍ പാര്‍ക്കിന്റെയും പ്രവര്‍ത്തനം പുനരാംഭിച്ചത്. പാര്‍ക്കില്‍നിന്നു മെച്ചപ്പെട്ട ദിന വരുമാനം ലഭിച്ചുതുടങ്ങിയപ്പോഴാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ വരവ്. ഇതേത്തുടര്‍ന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവനുസരിച്ചു ഏപ്രില്‍ 23നു പാര്‍ക്ക് വീണ്ടും അടച്ചു.  സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും എന്‍.എ.എഫ് സര്‍ട്ടിഫിക്കറ്റുള്ള 18 പേരെ പാര്‍ക്കില്‍ നിയമിച്ചിരുന്നു. അരുണാചല്‍ പ്രദേശില്‍നിന്നുള്ളവരായിരുന്നു ഇതില്‍ അധികവും. 2020ലെ അടച്ചിടല്‍ കാലത്തു ജീവനക്കാരെ ഏതാനും മാസം നിലനിര്‍ത്തിയ സംരഭകര്‍ പിന്നീട് സ്വദേശങ്ങളിലേക്കു മടക്കി. പാര്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനു കഴിഞ്ഞ ജനുവരിയില്‍ തിരികെ വിളിച്ച ഇവരെ വീണ്ടും നാടുകളിലേക്കു അയച്ചു. പാര്‍ക്ക് ഇനി എന്നു തുറക്കാന്‍ കഴിയുമെന്നതില്‍ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണിതെന്നു സംരംഭകരില്‍ ഒരാള്‍ പറഞ്ഞു.  പാര്‍ക്കിനായി എയ്‌റോ അഡ്വഞ്ചര്‍ നിക്ഷേപിച്ച തുകയില്‍ 70 ശതമാനത്തോളം ബാങ്ക് വായ്പയാണ്. 2020ലെ ലോക്ഡൗണ്‍ കാലത്തു വായ്പ ഗഡുക്കളുടെ തിരിച്ചടവിനു സാവകാശം അനുവദിച്ചെങ്കിലും പലിശ ഇളവോ മറ്റാനുകൂല്യങ്ങളോ ലഭിച്ചിച്ചിരുന്നില്ല.