സംസ്ഥാനത്ത് വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു: ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്

 

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കുരങ്ങുപനി കേസ് സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വനവുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ട യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ അപ്പപ്പാറ സിഎച്ച്‌സിയിൽ ചികിത്സ തേടുകയായിരുന്നു.എന്നാൽ, കുരങ്ങുപനി സംശയിച്ചതോടെ യുവാവിനെ വയനാട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിന്നീട് ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ സാംപിൾ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പഞ്ചായത്തിലെ 21 പേരുടെ സാംപിൾ പരിശോധിച്ചു. ഇതുവരെ ആർക്കും രോഗം കണ്ടെത്താൻ സാധിച്ചിട്ടില്ല.