ബാബുവിനോ അമ്മക്കോ മനോവിഷമമുണ്ടാക്കില്ല; കേസെടുക്കില്ലെന്ന് വനംമന്ത്രി

 

മലമ്പുഴയിലെ സംരക്ഷിത വനമായ കൂർമ്പാച്ചി വനത്തിൽ അതിക്രമിച്ച് കയറിയെന്ന സംഭവത്തിൽ ബാബുവിനെതിരെ തുടർ നടപടികളുണ്ടാകില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ബാബുവിനെതിരെ കേസെടുക്കാൻ വനംവകുപ്പ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ബാബുവിന്റെ അമ്മയുമായി സംസാരിച്ചതായി മന്ത്രി പറഞ്ഞു. സഹായിക്കണം, മകന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് പൊറുക്കണമെന്നാണ് അവർ പറഞ്ഞത്. ആ കുടുംബത്തെയും ബാബുവിനെയും ഉപദ്രവിക്കുന്ന നടപടികൾ വനംവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. ബാബുവിന്റെ രക്ഷാപ്രവർത്തനം കേരളത്തെയാകെ അഭിമാനം കൊള്ളിച്ച സംഭവമാണെന്നും മന്ത്രി പറഞ്ഞു

വനത്തിനുള്ളിൽ പോകുന്നവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചാൽ അവരുടെ തന്നെ രക്ഷക്ക് വലിയ ഗുണം ചെയ്യും. ജനങ്ങളും ഇക്കാര്യത്തിൽ സഹകരിക്കണം. നിയമാനുസൃതമല്ലാത്ത പ്രവർത്തനങ്ങൾ നടത്തുമ്പോൾ സ്വന്തം സുരക്ഷക്ക് തന്നെ ഭീഷണിയാകുമെന്ന് മനസ്സിലാക്കണമെന്നും മന്ത്രി വ്യക്തമാക്കി.