അർഹതയുള്ള എല്ലാവർക്കും ആനുകൂല്യം; കൊവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങി: വീണ ജോർജ്

തിരുവനന്തപുരം: കൊവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പട്ടികയിൽ ഉൾപ്പെടുത്താത്തവർക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അർഹതയുള്ള എല്ലാവർക്കും ആനുകൂല്യം ഉറപ്പാക്കുമെന്നും ഇക്കാര്യത്തിൽ 30 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഡേറ്റ ശേഖരണം സത്യസന്ധവും സുതാര്യവുമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൂടാതെ സിറോ സർവേ പഠനത്തിന്റെ സമഗ്ര റിപ്പോർട്ട് ഇന്ന് തയാറാകുമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.

ഇതിനിടെ സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടികയിൽ അപാകതയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമ സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയിരുന്നു . അർഹതപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

അതേസമയം പട്ടികയിൽ ഇല്ലാത്ത മരണങ്ങൾ ഉൾപെടുത്താൻ പോർട്ടൽ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ മറുപടി നൽകിയിരുന്നു . 30 ദിവസത്തിനകമുള്ള മരണം കൊവിഡ് മരണമായി കണക്കാക്കുമെന്നും കേന്ദ്ര നിർദേശം വന്ന ഉടൻ നഷ്ടപരിഹാരം നൽകുന്നതിന് നടപടി തുടങ്ങിയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു . കൂടാതെ പരാതി പരിഹരിക്കുന്നതിന് ജില്ലാ തലത്തിൽ സമിതിയെ നിയോഗിച്ചെന്നു പറഞ്ഞ ആരോഗ്യമന്ത്രി മികച്ച രീതിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത് കേരളമെണെന്നും കൂട്ടിച്ചേർത്തു. ഓക്സിജൻ ലഭിക്കാതെ ഒരാൾ പോലും മരിച്ചിട്ടില്ല. വാക്‌സിനേഷനിലും ഊർജിത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.