വർക്കല ചെറിയന്നൂരിൽ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. വീട്ടുടമസ്ഥൻ ബേബി എന്ന പ്രതാപൻ(62), ഭാര്യ ഷേർളി(53), ഇളയ മകൻ അഖിൽ(25), മൂത്ത മകൻ നിഖിലിന്റെ മകന്റെ ഭാര്യ അഭിരാമി(24), നിഖിലിന്റെ മകൻ റയാൻ(എട്ട് മാസം) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിഖിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
പുലർച്ചെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട അയൽവാസികളാണ് അഗ്നിരക്ഷാ സേനയെ വിളിച്ചത്. ഇവർ എത്തിയപ്പോഴേക്കും വീട്ടിൽ തീ ആളിക്കത്തുകയായിരുന്നു. ആറ് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വീടിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങൾക്കാണ് ആദ്യം തീപിടിച്ചതെന്ന് കണ്ടുനിന്നവർ പറയുന്നു.
പുലർച്ചെ 1.40ഓടെയാണ് തീ കത്തുന്നതിന്റെയും പൊട്ടിത്തെറിക്കുന്നതിന്റെയും ശബ്ദം കേട്ടത്. ഇതോടെ അയൽവാസിയായ ശശാങ്കൻ ബഹളം വെക്കുകയും നിഖിൽ പുറത്തേക്ക് വരികയുമായിരുന്നു. തീ പടരുന്നതിനിടെ പൊള്ളലേറ്റ നിലയിൽ പുറത്തുവന്ന ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. നിലവിളിച്ച് ബഹളം വെച്ചിട്ടും വീട്ടിലുള്ള മറ്റാരും പുറത്തേക്ക് വന്നിട്ടില്ല. എസി അടക്കം ഉപയോഗിച്ചതിനാലും മുറികൾ ലോക്ക് ആയതും പുക കയറി ബോധം പോയതുമാകാം പ്രതികരിക്കാൻ സാധിക്കാത്ത നിലയിൽ വീട്ടുകാരെ എത്തിച്ചതെന്നാണ് നിഗമനം.