കൊവിഡ് പരിശോധനാ നിരക്ക് കുറച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് ലാബുടമകൾ സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ആർടിപിസിആർ നിരക്ക് 300 രൂപയായും ആന്റിജൻ നിരക്ക് 100 രൂപയായിട്ടുമാണ് കുറച്ചത്. പരിശോധന നടത്തുന്ന ലാബ് ഉടമകളെ കേൾക്കാതെയാണ് സർക്കാർ തീരുമാനമെടുത്തതെന്നാണ് ഹർജിക്കാരുടെ വാദം.
ഏകപക്ഷീയമായി നിരക്കുകൾ കുറച്ച നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ലാബ് ഉടമകൾ കോടതിയെ സമീപിച്ചത്. നിരക്ക് കുറയ്ക്കാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചത്. പരിശോധന നിരക്കുകൾ പുനപരിശോധിച്ചില്ലെങ്കിൽ കൊവിഡ് പരിശോധന നടത്തില്ലെന്ന നിലപാടിലാണ് ലാബ് ഉടമകൾ.
ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയും ആന്റിജൻ പരിശോധനാ നിരക്ക് 300 രൂപയും തന്നെയാക്കണമെന്നാണ് ലാബുടമകൾ പറയുന്നത്. പരിശോധനാ നിരക്ക് പുതുക്കേണ്ടത് സമവായത്തിലൂടെ ആകണമെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ലാബുടമകൾ പറയുന്നു.